നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ കട്ടപ്പന മുന്‍ ഡിവൈ.എസ്.പി. പി.പി. ഷംസിനെ പ്രതിചേര്‍ത്ത് സി.ബി.ഐ.യുടെ അനുബന്ധ കുറ്റപത്രം

20

നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ കട്ടപ്പന മുന്‍ ഡിവൈ.എസ്.പി. പി.പി. ഷംസിനെ പ്രതിചേര്‍ത്ത് സി.ബി.ഐ.യുടെ അനുബന്ധ കുറ്റപത്രം. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി.യെ കേസില്‍ പത്താംപ്രതിയാക്കിയത്. രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരേ വകുപ്പുതല നടപടി വേണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രാജ്കുമാറിനെ ചികിത്സിച്ച അഞ്ചുഡോക്ടര്‍മാര്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിദഗ്ധന്‍, പീരുമേട് ജയില്‍ അധികൃതര്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ.യുടെ ശുപാര്‍ശ. നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ഇടുക്കി മുന്‍ എസ്.പി. കെ.ബി. വേണുഗോപാലിനെതിരേ നടപടി വേണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ നേരത്തെ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നടത്തിയ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഡിവൈ.എസ്.പി.യെ കൂടി പ്രതിയാക്കി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചത്.

Advertisement
Advertisement