
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. പുലര്‍ച്ചെ നാലേ മുക്കാലോടെ കാടുകയറിയ ദൗത്യസംഘം അരിക്കൊമ്പനെ കണ്ടെത്തി. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.
പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് കാടുകയറിയത്. പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. മഴ ഇത്തരത്തില്‍ മാറിനിന്നാല്‍ പതിനൊന്നു മണിയോടെ ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം ഡി.എഫ്.ഒ. എന്‍ രാജേഷ് അറിയിച്ചു. ദൗത്യത്തില്‍ നാല് കുങ്കിയാനകളുമുണ്ട്.
സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ആന നിലവില്‍ ഈ പ്രദേശത്തുതന്നെയാണ് ഉള്ളതെന്നാണ് സൂചന. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.