
ഹോട്ടലുകളിൽ കയറാതെ കാറിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കി കെ.ടി.ഡി.സി. തിരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറന്റുകളിലാണ് ‘ഇൻ കാർ ഡൈനിങ്’ എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നത്.
പാർക്കിങ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനങ്ങളിൽത്തന്നെ ഭക്ഷണം ലഭ്യമാക്കും. ജീവനക്കാരെത്തി ആവശ്യമുള്ള ഭക്ഷണത്തിന്റെ ലിസ്റ്റെടുക്കും. തീൻമേശയെപ്പോലുള്ള ഡെസ്‌കിൽ ഭക്ഷണം എത്തിക്കും.
‘ഇൻ കാർ ഡൈനിങ്ങി’ന്റെ ഉദ്ഘാടനം ജൂൺ 30ന് വൈകീട്ട് നാലിന് കായംകുളം ആഹാർ റസ്റ്റോറന്റിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. ആഹാർ റസ്റ്റോറന്റുകളിലും ഈ ഭക്ഷണവിതരണ പരിപാടി ആരംഭിക്കും. പദ്ധതി വിജയകരമാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ തുടങ്ങാനും ആലോചിക്കുന്നുണ്ട്.