അഗ്നിവീർ: റിക്രൂട്ട്മെന്റ് തിയതികളായി, വിജ്ഞാപനം നാളെ; ‘പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം

7

ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിവീർ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചു. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

Advertisement

വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തുമെന്നർത്ഥം.

നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.

പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലാണ് ലഫ്റ്റനന്‍റ് ജനറലിന്‍റെ വിശദീകരണം.

Advertisement