ഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

4

ഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റാണ് താരം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നമന്‍വീറിന്റെ തലയില്‍ നിന്നും വെടിയുണ്ട പോലീസ് കണ്ടെത്തി. മൊഹാലി പോലീസ്‌ സൂപ്രണ്ട് ഗുര്‍ഷെര്‍ സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്. നമന്‍വീറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഗുര്‍ഷെര്‍ സിങ് സന്ധു പ്രതികരിച്ചു. ‘ഇത് ആത്മഹത്യയാണെന്ന് ഒറ്റ നോട്ടത്തില്‍ പറയാനാകില്ല. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകൂവെന്നും ഗുര്‍ഷെര്‍ സിങ് സന്ധു പറഞ്ഞു. 2015-ല്‍ സൗത്ത് കൊറിയയില്‍ വെച്ച് നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് ടൂര്‍ണമെന്റില്‍ നമന്‍വീര്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അതേവര്‍ഷം ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ താരം വെങ്കലവും നേടി. 2016-ല്‍ പോളണ്ടില്‍ വെച്ച് നടന്ന എഫ്.ഐ.എസ്.യു ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തു.