ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം: കേരളത്തിൽ കുതിച്ചുയർന്ന് ആത്മഹത്യാ നിരക്ക്; പട്ടികയിൽ തൃശൂരും

7

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. കേരളത്തിൽ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കൂടുന്നതായാണ് റിപ്പോര്‍ട്ട്. 2020നേക്കാള്‍ 2.9 ശതമാനത്തിന്‍റെ വര്‍ധനവാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 9549 പേരാണ് 2021ൽ മാത്രം കേരളത്തിൽ ജീവനൊടുക്കിയത് എന്നതാണ് ഞെട്ടിക്കുന്ന വിവരം. 2018ൽ‍ 8320 ആയിരുന്നു ആത്മഹത്യാ കേസുകൾ എങ്കിൽ‍ 2019ൽ ഇത് 8585 ആയി ഉയർന്നു. 2020ൽ 8480 ആയെങ്കിലും 2021 ആയപ്പോൾ 9549 ആയി വർധിക്കുകയായിരുന്നു. അതായത് ഏകദേശം മൂന്ന് ശതമാനത്തിന്‍റെ വര്‍ധനവ്‌.45 വയസില്‍ താഴെയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും. 47.7 ശതമാനം ആത്മഹത്യകളുടെയും കാരണം കുടുംബ പ്രശ്നങ്ങളാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം കേരളത്തിലാണ്- കൊല്ലം. 43.9 ആണ് കൊല്ലത്തിന്‍റെ ആത്മഹത്യാ നിരക്ക്. ഇത് രാജ്യ ശരാശരിയേക്കാൾ കൂടുതലാണ്. അതേസമയം, കുട്ടികളിലെ ആത്മഹത്യാ വര്‍ധനവാണ് സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇക്കാലയളവിൽ കുട്ടികളുടെ ആത്മഹത്യാ നിരക്കിലും വർധനയുണ്ട്. 2019ൽ 230 കുട്ടികൾ ആത്മഹത്യ ചെയ്തെങ്കിൽ 2020ൽ 311 ആയി വർധിച്ചു. 2021ൽ 345 പേരായി വീണ്ടും വർധിച്ചപ്പോൾ 2022 ജൂലൈ വരെ 30 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

Advertisement

2017 മുതൽ 2021 വരെ അഞ്ചുവർഷത്തിനിടയിൽ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2021-ൽ ഏറ്റവും അധികം ആത്മഹത്യ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 1416 പേരുടെ ജീവനാണ് പൊലിഞ്ഞത്. ലക്ഷത്തിൽ 42 എന്നതാണ് ജില്ലയിലെ നിരക്ക്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1068 പേരാണ് ഒരു വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത്. ഏറ്റവും കുറവ് നിരക്ക് മലപ്പുറത്താണ്.
15-നും 45-നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ 44 ശതമാനവും. 4249 പേരാണ് മരിച്ചത്. 46-നും 59-നും ഇടയിൽ പ്രായമുള്ള 2659 പേരും 60-തിന് മുകളിലുള്ള 2558 പേരും ആത്മഹത്യ ചെയ്തു. 14 വയസ്സിന് താഴെയുള്ള 77 കുട്ടികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യയിലെ പുരുഷ-സ്ത്രീ അനുപാതം 3:1 ആണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ 78.4 ശതമാനം ആളുകളും തൂങ്ങിമരണം തിരഞ്ഞെടുത്തവരാണ്. 9.4 ശതമാനം പേർ വിഷം കഴിച്ച് മരിച്ചവരാണ്. 5.2 ശതമാനം കുട്ടികൾക്കുമാണ് കഴിഞ്ഞ വർഷത്തിൽ ജീവൻ വെടിഞ്ഞത്. 21 ശതമാനം പേർ ശാരീരിക, മാനസിക രോഗങ്ങൾ കാരണവും ആത്മഹത്യ തിരഞ്ഞെടുത്തു.
പ്രതീക്ഷ സൃഷ്ടിക്കുകയെന്നതാണ് 2022- ലെ ലോക ആത്മഹത്യ പ്രതിരോധദിനത്തിന്റെ പ്രമേയം. ആത്മഹത്യ തടയുന്നതിൽ സമൂഹത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Advertisement