ഉത്തർ പ്രദേശിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രീം കോടതി തള്ളി

13
8 / 100

ഉത്തർ പ്രദേശിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രീം കോടതി തള്ളി. പരാതിക്കാരനെതിരെ പിഴ ചുമത്തുമെന്നു മുന്നറിയിപ്പ് നൽകിയതിന് പുറമെ മറ്റു സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ച് പഠിക്കുവാനും കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു.
താൻ ഉന്നയിച്ച വാദങ്ങളിൽ പരാതിക്കാരൻ പഠിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ , ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവർ പറഞ്ഞു. പരാതിക്കാരന്റെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമായില്ലെന്നും കോടതി പറഞ്ഞു.
ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ , ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ഉത്തർ പ്രദേശിലെ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നു കണ്ടെത്തിയതെന്ന് പരാതിക്കാരനായ ജയ സൂകിൻ പറഞ്ഞു.
“നിങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് പഠിച്ചിട്ടുണ്ടോ? നിങ്ങൾ എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയുമായി വന്നത്?” കോടതി ചോദിച്ചു. കൂടുതൽ വാദിച്ചാൽ പിഴ ശിക്ഷ നൽകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. പരാതിക്കാരൻ ഉന്നയിച്ച വാദങ്ങളിൽ കഴമ്പില്ലെന്നും കോടതി പറഞ്ഞു.