ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

23

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് പാർലമെൻറിൽ നടക്കും. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം. 515 വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകർ വോട്ടെടുപ്പിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് പൂർത്തിയായ ഉടൻ തന്നെ വോട്ടെണ്ണലും നടക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്. ഈ മാസം 11 നാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.

Advertisement

അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾക്കിടയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി  മുന്നിലുള്ളത്. പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ബിജെപിക്കും എൻഡിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ അദ്ദേഹം ഇതിനോടകം വിജയമുറപ്പിച്ച് കഴിഞ്ഞു.  രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 

മുൻ കേന്ദ്ര മന്ത്രി കൂടിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 

Advertisement