എല്ലാ സംസ്ഥാനങ്ങൾക്കും ഉടൻ കോവിഡ് വാക്സീൻ നൽകാനാവില്ലെന്ന് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്

33

എല്ലാ സംസ്ഥാനങ്ങൾക്കും ഉടൻ കോവിഡ് വാക്സീൻ നൽകാനാവില്ലെന്ന് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സിനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണം. വാക്സിൻ ഉത്പാദനം വർധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്,ദില്ലി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്. കർണാടകത്തിലും നാളെ മുതൽ 18 നു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇല്ല. ഓർഡർ ചെയ്ത വാക്സിൻ എത്താത്തതിനാലാണ് ഇത്. ആന്ധ്ര പ്രദേശ് സെപ്റ്റംബറിൽ മാത്രമേ 18 നു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ തുടങ്ങാനാകൂവെന്ന് അറിയിച്ചിരുന്നു. രാജ്യത്ത് വാക്സീൻ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ മെയ് 1 മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സിൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.