കത്വ കേസിൽ യൂത്ത് ലീഗ് വാദത്തെ തള്ളി അഭിഭാഷക: കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും, സൗജന്യമായാണ് കേസ് നടത്തിയതെന്നും കുടുംബത്തിൻറെ അഭിഭാഷക ദീപികസിങ് രജാവത്ത്

11
8 / 100

കത്വ കേസില്‍ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണത്തിൽ വഴിത്തിരിവ്. യൂത്ത് ലീഗ് വാദത്തെ പൊളിച്ച് അഭിഭാഷക രംഗത്ത്. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചു.
കത്വ അഭിഭാഷകര്‍ക്ക്  9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു.
കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നത്. കേരളത്തില്‍ നിന്ന് യാതൊരു പണം ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.
കത്വ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും  നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീന്‍ ഫാറൂഖിയാണ് കോടതികളില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.