കേന്ദ്രത്തിനെ ചോദ്യങ്ങൾക്കൊണ്ട് വിറപ്പിച്ച് സുപ്രീംകോടതി: വാക്സിന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യമെന്ത്, വാക്സിൻ കേന്ദ്രത്തിന് വിതരണം ചെയ്തു കൂടേ, ഓക്സിജൻ എത്തിക്കാനുള്ള ദേശീയ പദ്ധതി എന്ത്, അമേരിക്കയേക്കാൾ കൂടുതൽ വില എന്തിനാണ് ഇന്ത്യയിൽ, വാക്സിൻ രാജ്യത്തിൻറെ പൊതുസ്വത്ത്, മറ്റ് പ്രതിരോധകുത്തിവെയ്പ്പ് പോലെ ഇതും സൗജന്യമായി നടപ്പിലാക്കണമെന്നും കോടതി

4

കോവിഡ് വാക്സിൻ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. വാക്സിന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സീൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു. ഓക്സിജൻ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു. ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേറ്റൻറ് നല്കി വാക്സീൻ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്രസർക്കാരിനു തന്നെ നൂറു ശതമാനം വാക്സിനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. വാക്സീൻ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്പനികൾക്ക് നല്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ. അമേരിക്കയെക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ വാക്സീന് നല്കണമെന്നും കോടതി ചോദിച്ചു. സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കും. വാക്സിൻ വില കമ്പനികൾക്ക് വിട്ടുകൊടുക്കരുത്. മറ്റു പ്രതിരോധ കുത്തിവയ്പുകൾ പോലെ ഇതും സൗജന്യമാക്കാൻ ആലോചിക്കണം. സംസ്ഥാനങ്ങൾക്ക് ഓക്ലിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യാം. ഓക്സിജൻ സിലിണ്ടറുകൾക്കായി കേഴുന്നവരുടെ ആവശ്യമാണ് കോടതി കേൾക്കുന്നത്. ഓക്സിജൻ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് പറഞ്ഞു.