കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക സമര നേതാവ് രാകേഷ് ടികായത്ത്: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകും

14
1 / 100

കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക സമര നേതാവ് രാകേഷ് ടികായത്ത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് രാകേഷ് ടികായത് പറഞ്ഞു. ഹരിയാണയിലെ ജിന്ദില്‍ നടന്ന കര്‍ഷകരുടെ ‘മഹാപഞ്ചായത്തി’നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ജനക്കൂട്ടമാണ് ജിന്ദില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കാളികളായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ മഹാപഞ്ചായത്തുകള്‍ നടന്നുവരുന്നുണ്ട്. 
‘കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ഞങ്ങള്‍ നിരവധി തവണ സംസാരിച്ചു. സര്‍ക്കാര്‍ ശ്രദ്ധയോടെ കേള്‍ക്കണം. അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തുചെയ്യും’ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ചോദിച്ചു.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ നിന്ന് മാറ്റാനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാകേഷ് ടികായത്ത് നടത്തിയ ചെറുത്തുനില്‍പ് ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ജാട്ട് വിഭാഗങ്ങള്‍ ഒന്നടങ്കം പിന്തുണയര്‍പ്പിച്ച് പ്രതിഷേധത്തിനൊപ്പം ചേരുകയുണ്ടായി. 
പ്രതിഷേധ സ്ഥലങ്ങളില്‍ പോലീസ് വലിയ സിമന്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ഉപയോഗിച്ച് പ്രതിബന്ധം തീര്‍ത്തതിനോട് രാകേഷ് ടികായത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു,’ രാജാവ് ഭയപ്പെടുമ്പോള്‍ കോട്ടകള്‍ സുരക്ഷിതമാക്കും’.
അഞ്ച് പ്രമേയങ്ങള്‍ ഇന്നത്തെ ‘മഹാപഞ്ചായത്തില്‍’ പാസാക്കി. കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പുറമെ, വിളകള്‍ക്ക് മിനിമം താങ്ങുവില, വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, റിപ്പബ്ലിക് ദിനത്തിലെ അക്രമത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്ത കര്‍ഷകരെ മോചിപ്പിക്കുക എന്നിവയും പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാണയിലെ വിവിധ ഖാപ് നേതാക്കളും മഹാപഞ്ചായത്തില്‍ പങ്കെടുത്തു.