കോവിഡ് രോഗമുക്തി നിരക്കിൽ സ്ഥിരതയാർന്ന വർധനവെന്ന് കേന്ദ്രം: 377 ജില്ലകളിൽ അഞ്ച് ശതമാനത്തിന് താഴെ പോസിറ്റിവിറ്റി നിരക്ക്

5

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കില്‍ സ്ഥിരതയാര്‍ന്ന വര്‍ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. നിലവിലെ രോഗമുക്തി നിരക്ക് 93.1 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. 377 ജില്ലകളില്‍ നിലവില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്കുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിദിനം നൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ 257 ജില്ലകളിലാണ് പ്രതിദിനം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൗരന്മാരില്‍ അറുപത് ശതമാനത്തിലധികം പേരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.