കോവിഡ് വാക്സിൻ സൗജന്യം: കേരളത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി

41

18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. കേന്ദ്രത്തിന് ലഭിക്കുന്ന 50 ശതമാനം ക്വാട്ടയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
പുതുക്കിയ നയം അനുസരിച്ച് മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ വാഗ്ദ്ധാനം ചെയ്യുന്നുവെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
പുതിയ നയപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാനും ഡോസിന്റെ അളവിനനുസൃതമായി വില നിശ്ചയിക്കാനും അവര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. ഇത് കാലതാമസം കുറയ്ക്കും.
‘ആരോഗ്യം എന്നത് ഒരു സംസ്ഥാന വിഷയമാണ് എന്നത് ഒരു വസ്തുതയാണ്, അവിടെ കേന്ദ്രം സംസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നു. വാക്‌സിന്‍ വിതരണ നയം ഉദാരവല്‍ക്കരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കൈമാറാനും മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോയതെന്നും ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ക്വാട്ടയില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് ആര്‍ക്കും നല്‍കില്ല. സംസ്ഥാനങ്ങള്‍ വഴി മാത്രമേ വിതരണം ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, കേരളം, ഛത്തീസ്ഗഢ്, ഹരിയാണ, സിക്കിം, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് സ്വാഗതാര്‍ഹമായ തീരുമാനമാണ്, പുതിയ ഉദാരവത്കരണ നയത്തിന് കീഴില്‍ അവര്‍ക്ക് ഇത് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.