കർണാടക അതിർത്തിമുതൽ സ്വീകരണങ്ങളുമായി ‘കൊടിവെച്ച’ കാറിൽ ശശികല തമിഴ്നാട്ടിൽ: സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

12
4 / 100

കര്‍ണാടക അതിര്‍ത്തിമുതല്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തമിഴ്‌നാട്ടില്‍ എത്തി. എ.ഐ.എ.ഡി.എം.കെ.യുടെ കൊടിവെച്ച കാറിലാണ് ശശികല എത്തിയത്. ബെംഗളൂരുവില്‍നിന്ന് രാവിലെ ഏഴരയോടെ പുറപ്പെട്ട ശശികലയ്ക്ക് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ(എ.എം.എം.കെ.) നേതൃത്വത്തില്‍ വന്‍ വരവേല്‍പ് ഏര്‍പ്പെടുത്തിയിരുന്നു. 
എ.ഐ.എ.ഡി.എം.കെ.യുടെ കൊടി വാഹനത്തില്‍ ഉപയോഗിക്കരുതെന്ന് കൃഷ്ണഗിരി പോലീസ് ശശികലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ശശികലയുടെ വാഹനത്തെ അനുമിക്കുന്നത് അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഇത്തരം നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കൊടിയുമായി ബന്ധപ്പെട്ട പ്രശ്‌നം നിയമപരമായി നേരിടുമെന്നും ശശികലയുടെ അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ അറിയിച്ചു. 
എ.ഐ.എ.ഡി.എം.കെ. യുടെ കാറിലായിരിക്കും ശശികലയുടെ യാത്രയെന്ന് എഎംഎംകെ നേതാവ് ടി ടി വി ദിനകരന്‍ അറിയിച്ചിരുന്നു. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോഴും ജയലളിത ഉപയോഗിച്ചിരുന്ന എ.ഐ.എ.ഡി.എം.കെ. കൊടിവെച്ച കാറാണ് ശശികല ഉപയോഗിച്ചത്. പാര്‍ട്ടി കൊടി ഉപയോഗിക്കുന്നതിനെതിരേ എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ശശികലയുടെ തിരിച്ചുവരവിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ റോയപ്പേട്ടിലുള്ള എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്തിനുള്ള പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എം.ജി.ആറിന്റെ രാമാപുരത്തുള്ള വസതിക്ക് സമീപം എ.ഐ.എ.ഡി.എം.കെ. കൊടി ഉയര്‍ത്താനും പദ്ധതിയുണ്ട്. എന്നാല്‍ ഇതിനെതിരേ എം.ജി.ആറിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അനധിക്യത സ്വത്ത് സമ്പാദന കേസിന്റെ വിധിയിലാണ് നിർദേശം.തൂത്തുക്കുടിയിൽ ശശികലയുടെ പേരിലുള്ള 300 ഏക്കർ സ്ഥലം കണ്ടുകെട്ടി. കാഞ്ചിപുരം ഊത്തുക്കാട്ടിലുള്ള സ്ഥലമാണ് ഏറ്റെടുത്തത്.

നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ശശികല ചെന്നൈയിൽ തിരിച്ചെത്തുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ജയിൽശിക്ഷ അനുഭവിച്ചത്.