ചീറ്റപ്പുലികളെ ഇന്ത്യൻ മണ്ണിൽ തുറന്നു വിട്ട് പ്രധാനമന്ത്രി; ചരിത്ര മുഹൂർത്തമെന്ന് മോദി

14

നമീബിയയില്‍ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യന്‍ മണ്ണിലെത്തിച്ചത് ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളുടെ പ്രയ്തനഫലമാണിത്. പൗരാണിക മൂല്യങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണിതെന്നും നരേന്ദ്ര മോദി പറഞ്ഞു. കുനോ ദേശീയോദ്യാനത്തിലേക്ക് പോകാന്‍ ക്ഷമ കാട്ടണം. ചീറ്റകള്‍ ഇന്ത്യയുടെ അന്തരീക്ഷവുമായി ഇണങ്ങാന്‍ സമയം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. തുറന്നുവിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്‍റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കൻ പുൽമേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം നാല് വയസ്. സംഘത്തിലെ ആദ്യ പെൺ ചീറ്റയെ ചീറ്റ കൺസർവേഷൻ ഫണ്ട്  തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ്. 

Advertisement
Advertisement