ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി; ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോടതി, പരാമർശം സുപ്രീംകോടതി നീക്കി

206

കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി.

Advertisement

ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാർട്ടിയുമായി ജഡ്ജി ഹണി എം. വർഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി. ജുഡീഷ്യൽ ഓഫീസർമാർക്ക് ഇത്തരം പരാമർശങ്ങൾ അനുവദനീയമല്ലെന്ന് ജസ്റ്റിസ്മാരായ എസ് അബ്ദുൾ നസീർ, ജെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സി.പി.എം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജി ഹണി എം വർഗീസിന് എതിരെ പ്രതികൂല പരാമർശങ്ങൾ ഹൈക്കോടതി നടത്തിയത്. ഫേസ് ബുക്ക് പോസ്റ്റുകളിൽ നിന്ന് ജഡ്ജിക്ക് സി.പി.എം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിരുന്നു. അതിനാൽ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ തനിക്ക് നീതിപൂർണ്ണമായ നിലപാട് ജഡ്ജി ഹണി എം വർഗീസിൽ നിന്ന് ലഭിക്കില്ലെന്നായിരുന്നു കുഞ്ഞാരു ഹൈക്കോടതിയിൽ ആരോപിച്ചിരുന്നത്. ഈ ആരോപണം ഹൈക്കോടതി ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച ഹൈക്കോടതി പരാമർശം തികച്ചും അനാവശ്യമാണെന്ന് ഹണി എം വർഗീസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരി വാദിച്ചു. ജുഡീഷ്യൽ ഓഫീസർക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് ഹൈകോടതി സ്വീകരിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹണി എം വർഗീസിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷക ലിസ് മാത്യുവും ആണ് ഹാജരായത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ പരാമർശമെന്ന് ദീപുവിന്റെ അച്ഛൻ കുഞ്ഞാരുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ച് മാറ്റിയതിനാൽ കുഞ്ഞാരുവിന്റെ ആവശ്യം പരിഗണിക്കപ്പെട്ടുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി ഹമീദ് ഹാജരായി. എന്നാൽ, സർക്കാർ കേസിൽ പ്രത്യേകിച്ച് ഒരു നിലപാടും സുപ്രീം കോടതിയിൽ സ്വീകരിച്ചില്ല.

Advertisement