ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും: രാജ്യസഭാ പ്രതിപക്ഷ നേതാവ് വിയോജിപ്പ് രേഖപ്പെടുത്തി

11

സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ പേര് കേന്ദ്ര സർക്കാർ നിർദേശിച്ചു. സർക്കാർ നിർദേശത്തോട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ വിയോജിപ്പ് രേഖപ്പെടുത്തി. ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ രാജീവ് ജയിൻ മനുഷ്യാവകാശ കമ്മീഷൻ അംഗമാകുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉടൻ പുറത്തിറങ്ങും.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെയാണ് യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭ സ്പീക്കർ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഇതിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ ഒഴികെയുള്ളവർ ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കണമെന്ന ശുപാർശ അംഗീകരിച്ചു.