തന്റെ അതിഥികൾ പിന്നെ കൽനടയായി പോകണോ, ഇനിയും ആവശ്യപ്പെടും; മാധ്യമങ്ങളോട് ക്ഷോഭിച്ച് ഗവർണർ

57

രാജ്‌ഭവനിലെത്തുന്ന തന്റെ അതിഥികൾക്ക്‌ കറങ്ങാൻ ഇനിയും സർക്കാരിനോട്‌ കാറുകൾ ആവശ്യപ്പെടുമെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. രാജ്‌ഭവനിലെ ധൂർത്തിനെ സംബന്ധിച്ച്‌ ചോദ്യം ചോദിച്ച മാധ്യമങ്ങളോട്‌ ക്ഷോഭിച്ച ഗവർണർ തന്റെ അതിഥികൾ കാൽനടയായാണോ സഞ്ചരിക്കേണ്ടതെന്നും ചോദിച്ചു.
അതിഥികൾക്കായി ഇനിയും കാറുകൾ ആവശ്യപ്പെടും. ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്‌. മുഖ്യമന്ത്രിയോട്‌ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നില്ല എന്നും ഗവർണർ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികളായി എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ട്‌ രാജ്‌ഭവനിൽ നിന്ന് പൊതുഭരണവകുപ്പിനയച്ച കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്‌തംബർ 23 നയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്‌ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമാണ് ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി രാജ് ഭവനിൽ എക്സ്ട്രാ കാറുകളില്ല. ആവശ്യം വന്നാൽ സർക്കാരിനോട് ചോദിക്കുമെന്നും അതിൽ ഒരു പ്രത്യേകതയുമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായി. നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.   കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. 

Advertisement
Advertisement