നോട്ട് നിരോധനം പൊള്ള: 2016ൽ 15 കോടി, 2020ൽ 92 കോടിയുടെ കള്ള നോട്ടുകൾ പിടിച്ചെടുത്തുവെന്ന് കേന്ദ്രം

3

രാജ്യത്ത് കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്നതില്‍ വൻ വ‌ർധനയെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ. 2016നെ അപേക്ഷിച്ച് 2020ല്‍ അഞ്ചിരട്ടിയിലധികം വർധനയാണ് ഉണ്ടായതെന്നും ധനമന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. 2016ല്‍ 15 കോടി രൂപ മൂല്യമുള്ള കള്ളനോട്ട് പിടിച്ചെടുത്തപ്പോള്‍ 2020ല്‍  92 കോടി രൂപ മൂല്യമുള്ള നോട്ടാണ് പിടിച്ചെടുത്തതെന്നാണ് സർക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, 2021-22 കാലയളവില്‍  ബാങ്കുകളില്‍ നിന്ന് 2,30,971 കള്ളനോട്ടുകള്‍ കണ്ടെത്തിയെന്നും കേന്ദ്രം അറിയിച്ചു.

Advertisement

എംപിമാരായ കെ സി വേണുഗോപാല്‍, സ‌‌ഞ്ജയ് റാവത്ത്, അമീ യാജ്നിക് എന്നിവരുടെ ചോദ്യത്തിനാണ് സർക്കാര്‍ പാർലമെന്‍റില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്നുള്ള റിസർവ് ബാങ്ക് റിപ്പോർട്ടും പുറത്ത് വന്നിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ നോട്ടുകളുടെയും വ്യാജ നോട്ടുകൾ വർധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടിൽ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടിൽ  54.16 ശതമാനവും വർധനയുണ്ടായെന്ന് ആർബിഐ കണ്ടെത്തി.

Advertisement