പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ; സേവാദിവസ് ദിനാചാരണവുമായി ബി.ജെ.പി

5

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും.

Advertisement

പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെ സേവനപാക്ഷികമായി സേവന പരിപാടികൾ നടത്താനുള്ള ദേശീയ നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം തൃശൂർ ജില്ലയിൽ ബിജെപി വിപുലമായ സേവന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു. സെപ്തംബർ 17ന് ജില്ലയിലെ പോസ്റ്റോഫീസുകളിൽ നിന്ന് പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കാർഡുകൾ അയക്കും. അന്ന് യുവമോർച്ചയുടെ നേതൃത്വത്തിൽ നൂറുകണക്കിന് യുവമോർച്ച പ്രവർത്തകർ രക്തദാനം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വാർഡുകൾ തോറും സൗജന്യ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും. ജലാശയങ്ങൾ സംരക്ഷിക്കുകയെന്ന സന്ദേശം നൽകി ഉപയോഗശൂന്യമായി കിടക്കുന്ന ജില്ലയിലെ ജലാശയങ്ങൾ ശുചീകരിക്കും. വൃക്ഷതൈ വിതരണവും വൃക്ഷം നട്ട് പിടിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കും. പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും ചികിത്സാ സഹായവും വിതരണം ചെയ്യും. ഖാദി ഉൽപന്നങ്ങളും പ്രാദേശിക ഉൽപന്നങ്ങളും വാങ്ങുന്നതിന് പ്രോത്സാഹനം നൽകുന്ന പരിപാടികളും സംഘടിപ്പിക്കും. അംഗ പരിമിതർക്ക് ക്രിത്രിമ ഉപകരണങ്ങൾ നൽകുന്ന പ്രവർത്തനങ്ങളും നടത്തും. ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കൾ ജില്ലയിൽ നടക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു.

Advertisement