മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിച്ച് കെ.സുധാകരന് എംപി. ഒരു തൊഴില്‍ വിഭാഗത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ എന്താണ് അപമാനം. അതില്‍ എന്താണ് തെറ്റ്. തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാള്‍ സംസ്ഥാനത്തിന്റെ പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി 18 കോടി ചെലവഴിച്ചു. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. ഇക്കാര്യമാണ് താന്‍ ഉന്നയിച്ചതെന്നും കെ. സുധാകരന് എം.പി ഡല്‍ഹിയില്‍ പറഞ്ഞു. പൊതുഖജനാവിന്റെ പണം ദൂര്‍ത്ത് അടിക്കുന്നതിനെക്കുറിച്ചാണ് ആരോപണം ഉന്നയിച്ചത്. കുലത്തൊഴില്‍ പറഞ്ഞാല്‍ എന്താണ് കുറ്റം. അതില്‍ എന്താണ് തെറ്റ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ തെറ്റും ശരിയും ബോധ്യപ്പെട്ടാണ് പറഞ്ഞത്.
പരാമർശത്തിൽ മാപ്പ് പറയണമെന്ന് പറഞ്ഞ ഷാനിമോൾ ഉസ്മാൻ എം.എൽ.എയെയും സുധാകരന് വിമര്‍ശിച്ചു. സി.പി.എം ആരോപിക്കാത്ത കാരണങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് വരുന്നു. പരാമര്‍ശങ്ങളില്‍ ആരും തെറ്റ് ചൂണ്ടിക്കാണിച്ചില്ല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം സി.പി.എം പ്രശ്നമാക്കേണ്ടിടത്ത് കോണ്‍ഗ്രസിലെ നേതാക്കള്‍ പ്രശ്നം ഉന്നയിക്കുന്നത് എന്തിനാണ്. കെ.പി.സി.സി നേതൃത്വം നയം വ്യക്തമാക്കണം. പരാമര്‍ശത്തില്‍ യാതൊരു തെറ്റും ഉണ്ടെന്ന് കരുതുന്നില്ല. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധി വിളിച്ചതനുസരിച്ചാണ് സുധാകരൻ ഡൽഹിയിലെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നിന് കാണണമെന്നാണ് സുധാകരനെ അറിയിച്ചിട്ടുള്ളത്.