രാജ്യത്ത് വാക്സിൻ നയത്തിൽ മാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും; 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം, സർവീസ് ചാർജ്ജ് 150 രൂപ മാത്രമേ ഈടാക്കാവൂ, രണ്ട് വാക്സിനുകൾകൂടി ഉടനെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

14

രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന നിർണായക പ്രഖ്യാപനവും മോദി നടത്തി. ജൂൺ 21 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ നൽകുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സീൻ വാങ്ങി നൽകും. അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാം. വാക്സീൻ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാ‍ർജ് മാത്രമേ വാങ്ങാനാകൂ, തോന്നിയ വില ഈടാക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ നിർമിക്കുന്നുണ്ട്. നേസൽ വാക്സീൻ – മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകൾ

കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗവുമായി രാജ്യം പോരാടുകയാണ്. ഈ പോരാട്ടത്തിൽ പല പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരുണ്ട് രാജ്യത്ത്. അവർക്കൊപ്പം ഞാൻ എല്ലാ വേദനയും പങ്കുവയ്ക്കുന്നു. പുതിയ കാലം ഇതുവരെ കണ്ടിട്ടില്ലാത്ത തരം മഹാമാരിയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മെഡിക്കൽ ഓക്സിജന് വലിയ ക്ഷാമമനുഭവപ്പെട്ട കാലമാണ് കടന്നുപോയത്. ഇത്രയധികം മെഡിക്കൽ ഓക്സിജന് ആവശ്യം ഉണ്ടായ കാലമുണ്ടായിട്ടില്ല. ആവശ്യമുള്ളയിടങ്ങളിലേക്ക് എല്ലാം ഓക്സിജൻ എത്തിക്കാനായി. അത് വഴി രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയൊരു വികസനവും ഉണ്ടായി. രാജ്യത്ത് വാക്സീൻ വികസിപ്പിക്കാനായത് വലിയ നേട്ടമാണ്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് സ്വന്തമായി വാക്സീൻ നിർമിക്കാനായില്ലെന്ന് എന്ത് സംഭവിച്ചേനെ? വിദേശത്ത് നിന്ന് വാക്സിനേഷൻ എത്തിക്കാൻ വർഷങ്ങളെടുത്തത് നമ്മൾ കണ്ടതാണ്. പോളിയോ അടക്കമുള്ള വാക്സീനുകൾക്ക് വർഷങ്ങൾ ഇന്ത്യൻ ജനം കാത്തിരുന്നു. എന്നാൽ രാജ്യത്ത് ഇപ്പോൾ സ്വന്തമായി വാക്സീൻ വികസിപ്പിച്ചതിനാൽ വാക്സിനേഷൻ വൻവിജയമായി മുന്നോട്ട് പോകുന്നു. നമ്മുടെ ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും വാക്സിനേഷൻ ലഭിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ? വാക്സീൻ മാത്രമാണ് കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ നമുക്കുള്ള ഏക വഴി. ഏക കവചം. അത് എല്ലാവരും സ്വീകരിക്കണം. 23 കോടി വാക്സീൻ ഡോസുകൾ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. അത് വലിയ നേട്ടമാണ്. നമ്മൾ ആത്മവിശ്വാസം കൈവിടരുത്. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ വാക്സിൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വാക്സിൻ ലഭ്യത കൂടുതൽ വേഗത്തിലാക്കും. നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. രാജ്യത്ത് പുതുതായി രണ്ട് വാക്സീനുകൾ കൂടി വരും. നേസൽ വാക്സീൻ. – മൂക്കിലൂടെ നൽകാനുള്ള വാക്സീൻ കൂടി – വികസിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. സംസ്ഥാനങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട് ഇതുവരെ. സംസ്ഥാനസർക്കാരുകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് 25% വാക്സിനേഷൻ നടത്തുന്നതിന്‍റെ ഉത്തരവാദിത്തം അവർക്ക് തന്നെ നൽകിയത്. എന്നാൽ അതിലെ ബുദ്ധിമുട്ടുകൾ അവർ തിരിച്ചറിയുകയാണ്. രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തുകയാണ്. രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ നൽകും. സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സീൻ വാങ്ങി നൽകും. അത് സൗജന്യമായിട്ടാണ് നൽകുക. അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാം. വാക്സീൻ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാ‍ർജ് മാത്രമേ വാങ്ങാനാകൂ, തോന്നിയ വില ഈടാക്കാനാകില്ല.