രാഹുൽഗാന്ധി സഹപ്രവർത്തകന്റെ ഷർട്ട് വലിച്ചു കീറിയെന്ന് ബി.ജെ.പിയുടെ പ്രചരണം; വീഴാൻ നേരത്ത് പിടിച്ചതെന്ന് കോൺഗ്രസിന്റെ മറുപടി

26

രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് ഇന്നലെ നടത്തിയ മാ‍ർച്ചിനിടയിൽ രാഹുൽ ഗാന്ധി സഹപ്രവ‍ർത്തകന്‍റെ ഷർട്ട് വലിച്ച് കീറിയെന്ന ആരോപണവുമായി ബി.ജെ.പി ഐ ടി സെൽ തലവൻ രംഗത്തെത്തിയതോടെ ട്വിറ്ററിൽ ചൂടേറിയ ചർച്ച. വിലക്കയറ്റത്തിനും എൻഫോഴ്സ്മെന്‍റ് നടപടികൾക്കുമെതിരെ നടത്തിയ കോൺഗ്രസ് മാർച്ചിനിടയിലെ ചിത്രം പങ്കുവച്ചാണ് ബി ജെ പി ഐ ടി സെൽ തലവൻ അമിത് മാളവ്യ, രാഹുൽ ഗാന്ധിക്കെതിരെ ഷർട്ട് വലിച്ചുകീറൽ ആരോപണവുമായി രംഗത്തെത്തിയത്.സമരത്തിൽ രാഹുലിനൊപ്പമുണ്ടായിരുന്ന യുവ നേതാവ് ദീപേന്ദർ ഹൂഡയുടെ ഷർട്ടിൽ ഒരു കൈ പിടിച്ചിട്ടുള്ള ചിത്രമാണ് മാളവ്യ പങ്കുവച്ചത്. ഇത് രാഹുലിന്‍റെ കൈ ആണെന്നും ഷർട്ട് വലിച്ചുകീറുകയാണെന്നും ബി ജെ പി ഐ ടി സെൽ തലവൻ ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിലുള്ളത് രാഹുലിന്‍റെ കൈ അല്ലെന്നതടക്കമുള്ള മറുപടിയുമായി കോൺഗ്രസ് പ്രവ‍ർത്തകരും രംഗത്തെത്തിയിട്ടുണ്ട്. വീഴാൻ നേരത്ത് പിടിച്ചതാണെന്നും, ഷർട്ട് വലിച്ചുകീറാൻ ശ്രമിക്കുന്നതല്ലെന്നുമുള്ള മറുപടികളും നിറഞ്ഞതോടെ ട്വിറ്ററിൽ ചൂടേറിയ വാദപ്രതിവാദമാണ് നടക്കുന്നത്.

Advertisement
Advertisement