ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യയുടെ യുവനിര: ഒരേ സമയം രണ്ട് ഇന്ത്യൻ ടീമുകൾ വ്യത്യസ്ത രാജ്യങ്ങളിൽ പര്യടനത്തിന്

23

ഇന്ത്യൻ യുവനിരയുടെ ശ്രീലങ്കൻ പര്യടനത്തിലെ മത്സര തിയ്യതികൾ പ്രഖ്യാപിച്ചു. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യുമുള്ള പരമ്പര ജൂലായ് 13 മുതൽ 25 വരെയാണ് നടക്കുക. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഇന്ത്യയുടെ യുവടീമാകും ശ്രീലങ്കയെ നേരിടുക.
ജൂലായ് 13,16,18 തിയ്യതികളിൽ ഏകദിന മത്സരങ്ങളും 21, 23, 25 തിയ്യതികളിൽ ട്വന്റി മത്സരങ്ങളും നടക്കും. വേദികൾ പിന്നീട് പ്രഖ്യാപിക്കും.
ശിഖർ ധവാനായിരിക്കും ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യ, പരിക്കുമാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയേക്കും. രാഹുൽ ദ്രാവിഡാകും പരിശീലകൻ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സീനിയർ ടീം. ജൂൺ പതിനെട്ടിന് ന്യൂസീലൻഡിനെതിരേയാണ് ഫൈനൽ. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും കളിക്കും. ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ പര്യടനം നടത്തുന്നു എന്നത് അപൂർവ്വമായ കാര്യമാണ്.