സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍, ജി.പി.എസുമായി ബന്ധിപ്പിക്കും: ടോള്‍ പിരിവ് അടിമുടി പരിഷ്‌കരിക്കുന്നു

24

രാജ്യത്തെ ടോൾ പിരിവ് സംവിധാനം കേന്ദ്ര സർക്കാർ അടിമുടി പരിഷ്കരിക്കുന്നു. നിലവിൽ ഇടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോൾ തുക ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ജി.പി.എസ്. ഉപയോഗിച്ചായിരിക്കും പണം കണക്കുകൂട്ടി ഈടാക്കുകയെന്നാണ് റിപ്പോർട്ട്.

Advertisement

വാഹനങ്ങൾ ടോൾ റോഡിൽ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോൾ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടിൽ നിന്ന് പണം പിടിക്കും. കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക കണക്കാക്കുന്ന രീതിയിലായിരിക്കും ടോൾ ഇടാക്കുകയെന്നാണ് പ്രഥമിക വിവരം. ടോൾ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഇതുവഴി ഒഴിവാകും.

പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രാജ്യത്താകമാനം ഒരേ ടോൾ നിരക്ക് നടപ്പിലാകുമെന്നതാണ് ഒരു നേട്ടം. പുതിയ സംവിധാനം രാജ്യത്ത് 1.37 ലക്ഷം വാഹനങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതായി അധികൃതർ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ജിപിഎസ് സംവിധാനം നടപ്പിലാക്കുന്നത്. പരീക്ഷണം പൂർണവിജയമെന്ന് കണ്ടാൽ മൂന്നു മാസത്തിനുള്ളിൽ പുതിയ സംവിധാനം നിലവിൽ വരും.

കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പുതിയ ടോൾ പദ്ധതി നടപ്പായാൽ നിരത്തുകളിൽ നിന്ന് ടോൾ പ്ലാസകൾ ഒഴിവാകുമെന്നതും ഈ പദ്ധതിയുടെ നേട്ടമാണ്. നിലവിലുള്ള ഫാസ് ടാഗ് രീതി ഇല്ലാതാകുന്നതിനൊപ്പം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതിയെന്നതും നേട്ടമാണ്.

Advertisement