സിനിമ-ടെലിവിഷന്‍-തീയേറ്റര്‍ താരം വിക്രം ഗോഖലെ അന്തരിച്ചു

1

പ്രശസ്ത സിനിമ-ടെലിവിഷന്‍-തീയേറ്റര്‍ താരം വിക്രം ഗോഖലെ (77) അന്തരിച്ചു. ഗുരുതരആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. വെന്റിലേറ്ററില്‍ തുടരുന്ന ഗോഖലെയുടെ ആരോഗ്യനില വഷളാകുന്നതായി ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രി അധികൃതര്‍ ശനിയാഴ്ച രാവിലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മറാഠി നാടകങ്ങളിലൂടെ അഭിനയലോകത്തെത്തിയ വിക്രം ഗോഖലെ ഹിന്ദി, മറാഠി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും നിരവധി ആരാധകരെ നേടി. അഗ്നീപഥ്, ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം, മിഷന്‍ മംഗള്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനുമതി എന്ന മറാഠി ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. മറാഠി ചിത്രമായ ഗോദാവരിയാണ് റിലീസായ ഏറ്റവും പുതിയ ചിത്രം.
പുണെയിലെ ബാല്‍ ഗന്ധര്‍വ ഓഡിറ്റോറിയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച വൈകുന്നേരം വൈകുണ്ഡ് ശ്മശാനത്തില്‍ അന്തിമസംസ്‌കാരച്ചടങ്ങുകള്‍ നടക്കുമെന്ന് കുടുംബസുഹൃത്ത് അറിയിച്ചു.

Advertisement
Advertisement