സർവകലാശാലകളിൽ മൂന്ന് മാസത്തിനകം പുതിയ വി.സിമാർ സ്ഥാനത്തുണ്ടാകുമെന്ന് ഗവർണർ

6

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടു- മൂന്ന് മാസത്തിനുള്ളില്‍ പുതിയ വി.സിമാര്‍ സ്ഥാനത്തുണ്ടാകുമെന്ന് ഗവര്‍ണര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുതിയ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് നിയമന നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കുഫോസ് വി.സി. നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോയാല്‍ ജുഡീഷ്യറിയുടെ പിന്‍ബലം തനിക്ക് ലഭിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നതായാണ് വിവരം.
കെ.ടി.യു. വി.സി. നിയമനത്തില്‍ സുപ്രീംകോടതി ഉത്തരവ് ആ സര്‍വകലാശാലയ്ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഈ വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വി.സിമാര്‍ക്ക് അദ്ദേഹം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. തന്റെ നിലപാട് ഹൈക്കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം കരുതുന്നു. അതിനാല്‍ ശേഷിക്കുന്ന സര്‍വകലാശാലകളുടെ വി.സി. നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തല്‍.

Advertisement
Advertisement