രാജ്യത്തെ ആദ്യ ശീതീകരിച്ച റെയിൽവേ ടെർമിനൽ ബൈയപ്പനഹള്ളിയിൽ ഉദ്‌ഘാടനത്തിന് സജ്ജമായി

7

രാജ്യത്തെ ആദ്യ ശീതീകരിച്ച റെയിൽവേ ടെർമിനലായ ബൈയപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ ഉദ്ഘാടനത്തിനുസജ്ജമായി. റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒ.യുമായ സുനീത് കുമാർ ബൈയപ്പനഹള്ളി ടെർമിനൽ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ടെർമിനൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹത്തിന്റെ തീയതിക്കുവേണ്ടി കാത്തിരിക്കയാണെന്നും സുനീത് ശർമ പറഞ്ഞു.

ടെർമിനൽ പ്രവർത്തനം തുടങ്ങുമ്പോൾ കെ.എസ്.ആർ. ബെംഗളൂരുവിലെയും യശ്വന്തപുരയിലെയും ടെർമിനലുകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് സുനീത് ശർമ പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മികച്ച സ്റ്റേഷനാകും ബൈയപ്പനഹള്ളിയിലേതെന്നും ബെംഗളൂരുവിന്റെ വികസനത്തിന് അനുസൃതമായാണ് ടെർമിനലിലെ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണപശ്ചിമ റെയിൽവേ ജനറൽ മാനേജർ അജയ് കുമാർ സിങ്, ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമ തുടങ്ങിയവരും സുനീത് കുമാറിനൊപ്പമുണ്ടായിരുന്നു.

കേന്ദ്രീകൃത എ.സി., ഏഴ്‌ പ്ലാറ്റ്ഫോമുകൾ, എസ്കലേറ്ററുകൾ, വിശാലമായ പാർക്കിങ് സ്ഥലം എന്നിവയെല്ലാം ടെർമിനലിന്റെ പ്രത്യേകതയാണ്. 4200 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച ടെർമിനലിൽ 50,000 പേരെ ഉൾക്കൊള്ളാനാകും. ഏഴ്‌ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ചുള്ള നടപ്പാലവും നാലുലക്ഷംലിറ്റർ ശേഷിയുള്ള മഴവെള്ളസംഭരണിയും ടെർമിനലിലുണ്ടാകും. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ കെ.എസ്.ആർ. ബെംഗളൂരു സിറ്റി, യശ്വന്തപുര സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ചില തീവണ്ടികൾ ബൈയപ്പനഹള്ളിയിലേക്ക് മാറ്റാനാണ് റെയിൽവേയുടെ ശ്രമം.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമിച്ച ടെർമിനൽ മാർച്ച് പകുതിയോടെ തുറന്നുകൊടുക്കാനാണ് നിശ്ചയിച്ചിരുന്നത്.