പശ്ചിമ ബംഗാളിലെ 200ലധികം സീറ്റുകളില്‍ ബി.ജെ.പി അനായാസം വിജയിക്കുമെന്ന് അമിത്ഷാ

6

ശനിയാഴ്ച ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും അസമിലെയും ഭൂരിഭാഗം സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ 200ലധികം സീറ്റുകളില്‍ ബിജെപി അനായാസം വിജയിക്കും. താഴെത്തട്ടില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26 ഉം ബിജെപി വിജയിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. അസമിലെ 47 സീറ്റുകളില്‍ 37 ഉം വിജയിക്കാനും ബിജെപിക്ക് കഴിയും. പ്രധാനമന്ത്രി മോദി വന്‍ വികസന പദ്ധതികളാണ് അസമില്‍ നടപ്പാക്കിയത്. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടിയേയും അമിത് ഷാ വിമര്‍ശിച്ചു. മുഖം രക്ഷിക്കാന്‍ അവര്‍ക്ക് ഇതല്ലാതെ മറ്റെന്ത് ചെയ്യാനാകും. സ്വാഭാവിക പ്രതികരണം മാത്രമാണതെന്നും അമിത് ഷാ പറഞ്ഞു.