Home Kerala India ബിജു രമേശിന്റെ വെളിപ്പെടുത്തൽ: ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ

ബിജു രമേശിന്റെ വെളിപ്പെടുത്തൽ: ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ

0
ബിജു രമേശിന്റെ വെളിപ്പെടുത്തൽ: ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ

സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സി.ബി.ഐ. സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. കെ.എം. മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്‌മൂലത്തിൽ സി.ബി.ഐ. വ്യക്തമാക്കി.

കൊച്ചി സി.ബി.ഐ. യൂണിറ്റിലെ എസ്.പി. എ. ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് ആരോപണങ്ങളാണ് നിലവിലുള്ളത്. 2014-ൽ ധനകാര്യ മന്ത്രി ആയിരുന്ന കെ.എം. മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയതായി കേരള ബാർ ഹോട്ടൽ ഓണേർസ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു. അടഞ്ഞു കിടന്ന 418 ബാറുകൾ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയത്. അഞ്ച് കോടി രൂപ ആയിരുന്നു കെ.എം. മാണി ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.

2015-ൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും, ലൈസൻസ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നു. രണ്ട് ഘഡുക്കളായി ഈ തുക എക്സൈസ് മന്ത്രിയുടെ ഓഫീസിൽ വച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും, എക്സൈസ് മന്ത്രി കെ. ബാബുവിന് അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020-ൽ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നുവെന്നും സി.ബി.ഐ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

കെ.എം. മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ പത്ത് കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തുവെന്നാണ് ബിജു രമേശിന്റെ മറ്റൊരു വെളിപ്പെടുത്തൽ. കെ.പി.സി.സി. ഓഫീസിലേക്ക് രണ്ട് കോടി നൽകിയതായും ആരോപണം ഉണ്ട്. ഇതിനുപുറമെ മാണിക്കെതിരായ അന്വേഷണം നിലവിലെ മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞുവെന്ന ആരോപണം ഉളളതായും സത്യവാങ്മൂലത്തിൽ സി.ബി.ഐ. എസ്.പി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ സി.ബി.ഐ. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടില്ല. വസ്തുതകളും, സാഹചര്യങ്ങളും കണക്കിലെടുത്ത് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഉത്തരവിടണം എന്നാണ് സത്യവാങ്മൂലത്തിലെ ആവശ്യം. പി.എൽ. ജേക്കബ് ആണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here