കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്: 24 മണിക്കൂറിനുള്ളിൽ 39726 പുതിയ കോവിഡ് രോഗികൾ

4

രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം 10 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കോവിഡ് നിരക്കുകളില്‍ 39 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ചത്തെ കോവിഡ് കേസുകളുടെ എണ്ണം മാത്രം 40,000 ന് അടുത്ത് എത്തിയതും ആശങ്കയുയര്‍ത്തുന്നുണ്ട്. 39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

പ്രതിദിന കണക്കുകളുടെ ഒരാഴ്ചയിലെ ശരാശരിയില്‍ എല്ലാ ദിവസവും 5 ശതമാനത്തില്‍ കൂടുതല്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. 5.2, 5.8, 6.6, 7.4, 8.7  എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ദിവസേനയുള്ള നിരക്കുകളില്‍ ഉണ്ടായ വര്‍ധനവിന്റെ ശതമാനം. 2020 മെയ് മാസത്തിന് ശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ആണ് ഇത്. 2020 മെയ് 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളില്‍ സമാനമായ വര്‍ധനവ് ഉണ്ടായത്.