ബ്രഹ്മാകുമാരീസിന്റെ ആഗോളമേധാവി ഡോ. ദാദി ഹൃദയമോഹിനി അന്തരിച്ചു

21

ആത്മീയ സംഘടനയായ ബ്രഹ്മാകുമാരീസിന്റെ ആഗോളമേധാവി ഡോ. ദാദി ഹൃദയമോഹിനി (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ന് മുംബൈയിലെ സെയ്ഫി ആശുപത്രിയിലായിരുന്നു അന്ത്യം. ദാദി ഗുല്‍സാര്‍ എന്ന പേരിലാണ് ഡോ. ദാദി ഹൃദയമോഹിനി അറിയപ്പെട്ടിരുന്നത്. കഴിഞ്ഞവര്‍ഷം ബ്രഹ്മാകുമാരീസ് ആത്മീയാചാര്യ ദാദി ജാനകിയുടെ വിയോഗത്തിനുശേഷമാണ് ദാദി ഹൃദയമോഹിനി സംഘടനയുടെ തലപ്പത്തെത്തിയത്.

അന്ത്യകര്‍മങ്ങള്‍ ശനിയാഴ്ച മൗണ്ട് അബുവിലുള്ള ബ്രഹ്മാകുമാരീസ് ആസ്ഥാനത്തെ ശാന്തിവന്‍ കാമ്പസില്‍ നടക്കും. വനിതകള്‍ നയിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആത്മീയസംഘടനയായ ബ്രഹ്മാകുമാരീസില്‍ എട്ടാം വയസ്സിലാണ് അവര്‍ അംഗമായത്. 140 രാജ്യങ്ങളിലായി എണ്ണായിരത്തിലേറെ രാജയോഗ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

മൂല്യങ്ങള്‍, ആത്മീയത, സാമൂഹികസേവനം എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് നോര്‍ത്ത് ഒഡിഷ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. 112 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആത്മീയത, തത്ത്വചിന്ത, രാജയോഗം, നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സമ്മര്‍ദരഹിതമായ ജീവിതം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രാവീണ്യം നേടി അവര്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര, ദേശീയ കൂട്ടായ്മയുടെ സംഘാടകയായിരുന്നു.