ടൗട്ടേ ചുഴലിക്കാറ്റ്: ബാർജിലെയും ടഗ് ബോട്ടിലെയും മുഴുവൻ മൃതദേഹങ്ങളും ബോട്ടിന്റെ അവശിഷ്ടങ്ങളും വീണ്ടെടുത്തു

7

ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിയ ബാർജിലെയും ടഗ് ബോട്ടിലെയും മുഴുവൻ മൃതദേഹങ്ങളും വീണ്ടെടുത്തു. ടഗ്‌ ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായും നാവികസേനാവൃത്തങ്ങൾ അറിയിച്ചു. ഒരുമൃതദേഹംകൂടി തിരിച്ചറിഞ്ഞതോടെ മരിച്ച മലയളികളുടെ എണ്ണം എട്ട് ആയി.

കടലിൽ മുങ്ങിപ്പോയ പി-305 ബാർജിന്റെയും വരപ്രദ എന്ന ടഗ് ബോട്ടിന്റെയും സമീപത്തുനിന്ന് 70 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ റായ്ഗഢ്, ഗുജറാത്തിലെ വൽസാഡ് തീരങ്ങളിൽനിന്ന് 16 മൃതദേഹങ്ങൾ കിട്ടി. 86 മൃതദേഹങ്ങളും കിട്ടിയെങ്കിലും തീരത്തടിഞ്ഞവയിൽ ചിലത് തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഔദ്യോഗിക മരണസംഖ്യ ഇപ്പോഴും 70 ആയാണ് കണക്കാക്കുന്നത്. പത്തനംതിട്ട, അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് ബന്ധുക്കൾ തിങ്കളാഴ്ച തിരിച്ചറിഞ്ഞത്.

നാവികസേനയുടെ ഐ.എൻ.എസ്. മകർ എന്ന കപ്പലിലെ മുങ്ങൽ വിദഗ്ധർ സൈഡ് സ്‌കാൻ സോണാർ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പി-305 ബാർജും വരപ്രദ ടഗും കടലിനടിയിൽ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട ബാർജിൽ 261 ജീവനക്കാരും ടഗിൽ 13 ജീവനക്കാരുമാണുണ്ടായിരുന്നത്. ടഗിലെ രണ്ടുപേർ ഉൾപ്പെടെ 188 പേരെ നാവികസേനയും തീരരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികളുണ്ട്.

എണ്ണപര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി ഒ.എൻ.ജി.സി.ക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആഫ്‌കോൺസ് എന്ന കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട ബാർജ്.