ഡൽഹിയിൽ ഇനി അധികാരം കേന്ദ്രത്തിന്: ഡൽഹി ബില്ലിൽ രാഷ്‌ട്രപതി ഒപ്പ് വെച്ചു

93

ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി)  രാഷ്ട്രപതി ഒപ്പുവെച്ചു. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. 2013-ല്‍ ആദ്യമായി അധികാരത്തില്‍ എത്തിയ സമയം മുതല്‍ ലെഫ്റ്റനന്റ്‌ ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടാറുള്ള കെജ്‌രിവാള്‍ സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് ഡല്‍ഹി ബില്‍. 

ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപകരം ലെഫ്.ഗവര്‍ണര്‍ എന്ന നിര്‍വചനം നല്‍കിക്കൊണ്ടുള്ളതാണ് ഭേദഗതി. സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. ഇങ്ങനെ, സംസ്ഥാന സര്‍ക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവര്‍ന്നെടുക്കുന്നതാണ് പുതിയ ഭേദഗതി.