ദളിത്‌ സാഹിത്യകാരൻ ഡോ. ശരൺകുമാർ ലിമ്പാളെക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം

8

മറാഠി സാഹിത്യകാരനും ദളിത് സാഹിത്യ രംഗത്തെ പ്രശസ്തനുമായ ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം. സാഹിത്യ രംഗത്ത് രാജ്യത്ത് നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍ പുരസ്‌കാരം. 2018ല്‍ പുറത്തിറങ്ങിയ ലിമ്പാളെയുടെ സനാതന്‍ എന്ന കൃതിക്കാണ് അംഗീകാരം ലഭിച്ചത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള കൃതിയാണ് ലിമ്പാളെയുടെ സനാതന്‍. മുഗള്‍, ബ്രിട്ടീഷ് കാലഘട്ടത്തെ സാമൂഹിക ചരിത്രം ഈ കൃതിയില്‍ തുറന്നു കാട്ടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ദലിത്, ഗോത്ര വര്‍ഗങ്ങള്‍ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും കൃതിയില്‍ ലിമ്പാളെ വിശദീകരിക്കുന്നു.മഹാരാഷ്ട്രയിലെ സോളാപുരിലെ ഹന്നൂര്‍ ഗ്രമത്തിലാണ് ഡോ. ശരണ്‍ കുമാര്‍ ലിമ്പാളെ ജനിച്ചത്. കോലാപുര്‍ ശിവാജി സര്‍വകലാശാലയില്‍ നിന്ന് മറാഠി ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടി. ശേഷം മറാഠി ദലിത് സാഹിത്യത്തെക്കുറിച്ചും അമേരിക്കന്‍ കറുത്ത സാഹിത്യത്തെക്കുറിച്ചുമുള്ള പഠനത്തില്‍ പിഎച്ച്ഡി നേടുകയും ചെയ്തു. ശിവാജി സര്‍വലാശാലയില്‍ പ്രൊഫസറായും ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആത്മകഥ അക്കര്‍മാശി മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ മൊഴിമാറ്റം നടത്തുകയും നിരവധി ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ പുസ്തകത്തെ തേടി എത്തുകയും ചെയ്തു. മലയാളത്തില്‍ നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എനനിവര്‍ സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഓരോ വര്‍ഷവും ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യത്തിനാണ് പുരസ്‌കാരം നല്‍കുന്നത്.