പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു: പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്; വില വർധിക്കുന്നത് ഈ മാസം 14ാം തവണ

7

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് 14ാം തവണയാണ് വില വർധിപ്പിക്കുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്. അന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.74 രൂപയും ഡീസലിന് 84.67 രൂപയുമാണ്. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.28 രൂപയും ഡീസലിന് 3.90 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.72 രൂപയും ഡീസലിന് 90.99 രൂപയുമാണ്.

രാജ്യത്തെ മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്ക്. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 99.98 രൂപയും ഡീസലിന് 91.93 രൂപയുമാണ്. പെട്രോൾ വില വരും ദിവസങ്ങളിൽ മുംബൈയിൽ സെഞ്ച്വറി കടക്കുമെന്ന് ഉറപ്പായി. ചെന്നൈയിൽ ഒരു ലിറ്റര്‍ പെട്രോളിന് 95.33 രൂപയും ഡീസലിന് 89.44 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 93.78 രൂപയും ഡീസലിന് 87.51 രൂപയുമാണ്.