ഏഴര മാസത്തിന് ശേഷം ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന്; കോവിഡ് ചികിത്സാ സാധനങ്ങളുടെ നികുതി ഒഴിവാക്കുന്നത് പരിഗണിച്ചേക്കും

8

ഏഴര മാസത്തിന് ശേഷം ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് രാവിലെ 11ന് ഓൺലൈനിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷയാകും. സഹമന്ത്രി അനുരാഗ് ടാക്കൂറും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കേരളത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതിനിധീകരിക്കും.

കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സാധന സാമഗ്രികളുടെയും ജീവൻരക്ഷാ മരുന്നുകളുടെയും ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും. കോവിഡുമായി ബന്ധപ്പെട്ട അവശ്യ മരുന്നുകളുടെയും സാധന സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ജിഎസ്ടി ഉപേക്ഷിക്കണമെന്ന് കേരളം ആവശ്യപ്പെടും. പൂജ്യം നികുതി നിർദേശം മുന്നോട്ടുവയ്ക്കും. ഓക്സിജനും, ചികിത്സാ ഉപകരണങ്ങൾക്കും മരുന്നിനുമുൾപ്പെടെ 12 ശതമാനം ജിഎസ്ടിയുണ്ട്. കോവിഡ് വാക്സിന് അഞ്ചു ശതമാനവും. നഷ്ടപരിഹാര കുടിശ്ശികയും പ്രധാന ചർച്ചയാകും. കുടിശ്ശികക്കാര്യത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾതന്നെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കുടിശ്ശികയിൽ 63,000 കോടി രൂപ ഈ വർഷം നൽകാമെന്നാണ് കേന്ദ്രം ജിഎസ്ടി കൗൺസിലിനെ അറിയിച്ചിരുന്നത്. നിരന്തരം സമ്മർദ്ദത്തെതുടർന്ന്, കടമെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാമെന്ന് കേന്ദ്രം സമ്മതിച്ച 1.1 ലക്ഷം കോടി രൂപയ്ക്ക് പുറമെയുള്ളതാണിത്. ഇതിന്റെ ലഭ്യതയിൽ സംസ്ഥാനങ്ങൾ വ്യക്തത ആവശ്യപ്പെടാം.