അതിരപ്പിള്ളി ആനമല റോഡിൽ വീണ്ടും ഒറ്റയാനിറങ്ങി: ഒറ്റയാൻ മൂന്നുമണിക്കൂറിലേറെ വാഹനഗതാഗതം തടസപ്പെടുത്തി: മലക്കപ്പാറ-ചാലക്കുടി ഹൈവേയില്‍ ഒരാഴ്ചത്തേക്ക് രാത്രികാല യാത്ര നിരോധിച്ച് കലക്ടറുടെ ഉത്തരവ്; ടൂറിസ്റ്റ് വാഹനങ്ങൾക്കും അനാവശ്യ യാത്രകൾക്കും നിയന്ത്രണം

13


മലക്കപ്പാറയില്‍ എസ്‌.ആർ.ടി.സി. ബസിന് നേരെ ഒറ്റക്കൊമ്പൻ കബാലിയുടെ ആക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും അനാവശ്യ യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. വന മേഖലയിലൂടെ രാത്രികാല യാത്രയ്ക്കും നിയന്ത്രണമേർപ്പെടുത്തി വാഴച്ചാൽ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ജില്ലാ കലക്ടർ ഹരിത വി.കുമാറിൻറേതാണ് നിയന്ത്രണ ഉത്തരവ്. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ ബസിന് നേരെ ബുധനാഴ്ച രാത്രിയിലും മദപ്പാടിലുള്ള ഒറ്റയാൻറെ ആക്രമണമുണ്ടായത്. ചാലക്കുടി- മലക്കപ്പാറ റൂട്ടില്‍ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ് അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവിലെത്തിയപ്പോള്‍ ആന തടയുകയായിരുന്നു. ഏറെ നേരം ബസ് കടത്തിവിടാതെ റോഡിലൂടെ നടന്ന ആന പെട്ടന്ന് അക്രമാസക്തനായി. തിരികെ ഓടി വന്ന ആന ബസിന്റെ മുൻ വശത്തെ ചില്ലിന് താഴെ കുത്തി ബസ് ഉയർത്തി താഴെയിട്ടു. അഞ്ച് യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. രാത്രി ഏട്ടരയോടെ മലക്കപ്പാറയിൽ എത്തേണ്ട ബസ് രാത്രി ഏറെ വൈകി 11 മണിയോടെയാണ് എത്തിയത്. ഇന്ന് വീണ്ടും ആനയിറങ്ങി മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആന വീണ്ടും റോഡില്‍ ഇറങ്ങിയ പശ്ചാത്തലത്തിലാണ് വാഴച്ചാല്‍ – മലക്കപ്പാറ റൂട്ടില്‍ ആറ് ദിവസമായി ദിവസമായി തുടരുന്ന ടൂറിസ്റ്റ് നിരോധനം വീണ്ടും നീട്ടിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പും ഇതേ ആന വാഹനങ്ങള്‍ തടയുകയും യാത്രികരെ ഭീതിയിലാക്കുകയും ചെയ്തിരുന്നു. കിലോ മീറ്ററുകളോളം വാഹനങ്ങൾ പിറകിലേക്ക് ഓടിച്ചാണ് അന്ന് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. മദമിളകിയ ആന കൂടുതല്‍ അക്രമകാരിയായേക്കുമെന്നും നവംബര്‍ അവസാന വാരം ആന കൂടുതല്‍ അക്രമസ്വഭാവം കാണിക്കാന്‍ ഇടയുണ്ടെന്നുമുള്ള വനംവകുപ്പിന്റെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഗതാഗത നിയന്ത്രണം ഒരാഴ്ചക്ക് കൂടി നീട്ടാനുള്ള കലക്ടറുടെ തീരുമാനം. മേഖലയിൽ കൂടുതൽ വനംവകുപ്പ് സ്ക്വാഡുകളെ വിന്യസിച്ച് നിരീക്ഷണം ഏർപ്പെടുത്തും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർക്കും കലക്ടർ നിർദേശം നൽകി.

Advertisement
Advertisement