കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച തൃശൂരിൽ എത്തും. വടക്കുംനാഥ ക്ഷേത്ര ദർശനം അടക്കം നാല് പരിപാടികളാണ് അമിത് ഷാക്ക് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 1.3ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അദ്ദേഹം രണ്ടിന് ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തും. മൂന്നിന് മണിക്ക് ജോയ്സ് പാലസ് ഹോട്ടലിൽ തൃശൂർ പാർലമെന്‍റ് മണ്ഡലം ബി.ജെ.പി നേതൃ സമ്മേളത്തിൽ പങ്കെടുക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകും. അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ പൊതുയോഗത്തിൽ സംസാരിക്കും. അര ലക്ഷത്തോളം പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം റോഡ് മാർഗം കൊച്ചിയിലേക്ക് പോകും. അമിത് ഷായെ വരവേൽക്കാൻ വിപുല ഒരുക്കങ്ങൾ നടക്കുന്നതായി എം.ടി. രമേശ് പറഞ്ഞു. ഈമാസം അഞ്ചിന് നടത്താനിരുന്ന സന്ദർശനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഒഴിവാക്കുകയായിരുന്നു. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, കെ.ആർ. ഹരി, സെക്രട്ടറി എൻ.ആർ. റോഷൻ എന്നിവരും പങ്കെടുത്തു
അമിത് ഷാ ഞായറാഴ്ച തൃശൂരിൽ; ശക്തൻ സ്മൃതിയിലും വടക്കുന്നാഥനിലും സന്ദർശനം; തേക്കിൻകാട് മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും
Advertisement
Advertisement