ആരവമുയർന്നു; തൃശൂർ പൂരത്തിന് കൊടിയേറി

41

തൃശൂരിൻറെ മണ്ണിലും മനസിലും പൂരക്കാഴ്ചകൾ നിറഞ്ഞു. കോവിഡ് മഹാമാരിയുടെ ആശങ്കയെ മാറ്റി നിറുത്തി തൃശൂർ പൂരത്തിന് കൊടിയേറി. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. തൊട്ടു പിന്നാലെ പാറമേക്കാവിലും കൊടിയേറി. ശ്രീലകത്ത് തന്ത്രി സാനിധ്യത്തിൽ പൂജിച്ചെടുത്ത കൊടിക്കൂറ പാരമ്പര്യാവകാശികളായ ആശാരിമാർ ഭൂമിപൂജ നിർവഹിച്ച് ആലിലയും മാവിലയും ചേർത്ത് അണിയിച്ചൊരുക്കിയ കൊടിമരത്തിൽ കെട്ടി. ആർപ്പുവിളികളോടെ ദേവസ്വം പ്രതിനിധികളും തട്ടകക്കാരും ചേർന്ന് കൊടിമരമുയർത്തി. തിരുവമ്പാടിയിൽ രാവിലെ 11.45നും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറിയത്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളില്‍ പെട്ട താഴത്തുപുരക്കല്‍ സുഷിത്താണ് കൊടിമരം ഒരുക്കിയത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന്‍ എന്നിവര്‍ താന്ത്രിക ചടങ്ങുകള്‍ നിർവഹിച്ചു. പാറമേക്കാവിൽ പാരമ്പര്യഅവകാശികളായ ചെമ്പില്‍ കുട്ടനാശാരിയാണ് കൊടിമരമൊരുക്കിയത്. തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ താന്ത്രിക ചടങ്ങുകള്‍ നിർവഹിച്ചു. പാറമേക്കാവിൽ ക്ഷേത്രമതിൽക്കകത്തെ പാലമരത്തിലും കൊടിക്കൂറ ഉയര്‍ത്തും. വലിയ പാണി കൊട്ടി ക്ഷേത്രത്തിൽ നിന്നും അഞ്ച് ആനകളുടെ അകമ്പടിയോടെ ഭഗവതി പുറത്തിറങ്ങി. പെരുവനം കുട്ടൻമാരാർ മേളത്തിന് പ്രാമാണം വഹിച്ചു. പിന്നീട് വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണിയിൽ ആറാട്ടും നടത്തി തിരിച്ചെഴുന്നെള്ളും. കഴിഞ്ഞ വർഷം പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറ്റവും താന്ത്രിക ചടങ്ങുകളും നടന്നുവെങ്കിലും ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റവും നടന്നിരുന്നില്ല. ഉച്ച കഴിഞ്ഞ് മൂന്നിന് തിരുവമ്പാടിയുടെ പൂരം പുറപ്പാട് തെക്കേമഠത്തിൽ ആറാട്ടിനിറങ്ങും. നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ. കൊടിയേറ്റിനോടനുബന്ധിച്ച് ഉച്ച കഴിഞ്ഞ് തേക്കിൻകാട് മൈതാനിയിൽ ചെറിയ വെടിക്കെട്ടും ഉണ്ടാവും. പൂരം പ്രദർശന നഗരിയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനത്തിനും ഇന്ന് തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആർ.ടി.പി.സി.ആർ, വാക്സിനെടുത്തതിൻറെയോ സർട്ടിഫിക്കറ്റുമായി പൊലീസ് അനുവദിക്കുന്ന പാസുള്ളവർക്ക് മാത്രമേ പൂരം നടക്കുന്ന തൃശൂർ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലേക്കും പ്രവേശിക്കാനാവൂ.

ഘടകപൂരത്തിന് ലാലൂരിൽ ആദ്യം കൊടിയേറി.
ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ 8.15നായിരുന്നു കൊടിയേറ്റ്. കൊച്ചിൻ ദേവസ്വം പ്രസിഡണ്ട് വി.നന്ദകുമാർ, അംഗങ്ങൾ കോർപ്പറേഷൻ കൗൺസിലർമാർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ തട്ടകക്കാർ ചേർന്നാണ് കൊടിയേറ്റ് നിർവഹിച്ചത്. അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. ചെമ്പൂക്കാവിലും പനമുക്കും പിള്ളിയിലും- വൈകീട്ട് 6.15-6.30നും കണിമംഗലത്ത്6.00-6.15ഉം ചൂരക്കോട്ടുകാവ്- 6.45-7.00ഉം, നെയ്തലക്കാവ്-08.00-8.15നും ആണ് കൊടിയേറ്റ്.