ആൽഫ പാലിയേറ്റീവ് കെയറിന് ഇനി കിടത്തിചികിൽസാ കേന്ദ്രവും; ആൽഫാ ഹോസ്പീസ് ശിലാസ്ഥാപനം ബുധനാഴ്ച

20

ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിപുലമായ സൗകര്യങ്ങളുള്ള കിടത്തി ചികിത്സാകേന്ദ്രം ഒരുക്കുന്നു. എടമുട്ടം ആല്‍ഫ കേന്ദ്രത്തില്‍ അഞ്ചേക്കറില്‍ 165 മുറികളും രോഗികള്‍ക്ക്​ താമസിക്കാനുള്ള അനുബന്ധ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ആല്‍ഫ ഹോസ്പീസിന്‍റെ ശിലാസ്ഥാപനം 15ന് ഉച്ചകഴിഞ്ഞ് മൂന്നിന്​ നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.24 മണിക്കൂര്‍ കാഷ്വാലിറ്റി പരിചരണം, എല്ലാ ദിവസവും ഒ.പി സേവനം, ലാബ്, റേഡിയോളജി സൗകര്യങ്ങള്‍, തീവ്ര പരിചരണത്തിന്​ 25 ഹൈ ഡിപന്‍റന്‍സി മുറികള്‍, 140 പേര്‍ക്ക് ഒരേസമയം പരിചരണം നല്‍കാന്‍ കഴിയുന്ന ഫിസിയോതെറാപ്പി വിഭാഗം, 140 കിടത്തി ചികിത്സ മുറികള്‍, പൊതുപ്രാര്‍ഥന ഹാൾ, സൗജന്യ ഭക്ഷണം, സൗജന്യ മരുന്നുകള്‍, സൗജന്യ പരിചരണം എന്നിവയാണ്​ ഒരുങ്ങുന്നത്​. 114 കോടി രൂപ ചെലവിൽ ആറ്​ നിലകളുള്ള ഹോസ്പീസിന്​ സ്‌പോണ്‍സര്‍ഷിപ്പ്​ വഴി സാമ്പത്തിക സമാഹരണം നടത്തുമെന്ന്​ അദ്ദേഹം പറഞ്ഞു. 40 കോടി രൂപ വിലമതിക്കുന്ന അഞ്ചേക്കര്‍ ഭൂമി സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചു.

Advertisement

ആല്‍ഫ ഹോസ്പീസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്‍റ്​ ബാബു പാനികുളം, സെക്രട്ടറി എം.എ. റഷീദ്, ആര്‍ക്കിടെക്ട് ഷാരോണ്‍ കുര്യന്‍, ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍മാരായ കെ.എ. കദീജാബി, വി.ജെ. തോംസണ്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എം.എം. സുര്‍ജിത് എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Advertisement