കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി മതിലകം ബ്ലോക്കിന്റെ ബഡ്ജറ്റ്

10
8 / 100

കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് കാര്‍ഷിക പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക ബഡ്ജറ്റ്. 14,80,69,000 രൂപ വരവും 14,70,69,000 ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ് സലീഷ് അവതരിപ്പിച്ചത്.

എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ തരിശ് കിടക്കുന്ന നിലങ്ങള്‍ കണ്ടെത്തി നെല്‍കൃഷിയും ഇടവിളകളും ഇറക്കുന്നതിന് പ്രാദേശിക സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കും. ബ്ലോക്ക് പരിധിയില്‍ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന് തഴപ്പായ, കയര്‍, രാമച്ചം എന്നിവയുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പെരുംതോട്-വലിയതോട് സമഗ്രവികസനം, പട്ടികജാതി കോളനി വികസനം എന്നിവയ്ക്കും പൊതുജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനും ബഡ്ജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും. കൂടാതെ മൃഗസംരക്ഷണം, ഭവന പദ്ധതി, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കും പരിഗണന നല്‍കിയിട്ടുണ്ട്.

മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ് വിക്രമന്‍ ആശാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.