കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് റേച്ചല്‍ ഹെയ്ന്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ റേച്ചല്‍ ഹെയ്ന്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമക്കല്‍ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗ് തന്റെ അവസാന ആഭ്യന്തര സീസണായിരിക്കുമെന്ന് 35-കാരിയായ താരം അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട കറിയറില്‍ ഓസീസ് ടീമിനായി 84 ട്വന്റി മത്സരങ്ങളും 77 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും ഹെയ്ന്‍സ് കളിച്ചിട്ടുണ്ട്.
പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തന്റെ പങ്കാളി ലേയ്ക്കും താരം നന്ദിയറിയിക്കുകയും ചെയ്തു.
എല്ലാ ഫോര്‍മാറ്റിലുമായി നാലായിരത്തോളം റണ്‍സ് നേടിയ താരമാണ് ഹെയ്ന്‍സ്. 2009-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ നേടിയ 98 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു. കരിയറില്‍ രണ്ട് ഏകദിന സെഞ്ചുറികളും 19 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്.
2017 ഐസിസി വനിതാ ലോകപ്പിനിടെ സ്ഥിരം ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന് തോളിന് പരിക്കേറ്റപ്പോള്‍ ഓസീസ് ടീമിനെ നയിച്ചത് ഹെയ്ന്‍സായിരുന്നു.
2018, 2020 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലും 2022-ല്‍ വനിതാ ഏകദിന ലോകകപ്പ് നേടിയ ടീമിലും ഇതേ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ നേടിയ ടീമിലും ഹെയ്ന്‍സ് അംഗമായിരുന്നു.

Advertisement
Advertisement