‘കോവിഡ് കലവറ’യുമായി മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്

11

പേര് കേൾക്കുമ്പോൾ കോവിഡിന്റെ ‘കലവറ’യോ എന്ന് ആശങ്കപ്പെടേണ്ട.. ഇത് അത്തരമൊരു കലവറയല്ല. കോവിഡ് മൂലം വിഷമസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈ കോവിഡ് ‘കലവറ’.

കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പാവങ്ങളേയും ഇടത്തരക്കാരേയും സഹായിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾക്കാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്നത്. ബ്ലോക്ക് പരിധിയിലെ ഒട്ടേറെ വീടുകൾ തൊഴിലും വരുമാനവും നിലച്ച് പ്രയാസമനുഭവിക്കുകയാണ്. ഇതിൽ തന്നെ തീരദേശ മേഖല ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷൻ പതിനാലിലാണ് സ്ഥിതി രൂക്ഷം. ഒമ്പത് പഞ്ചായത്ത് വാർഡുകളാണ് ഡിവിഷൻ പരിധിയിൽ വരുന്നത്. ഇവിടെയുള്ള കഴിയാവുന്നത്ര വീടുകളിലേക്ക് പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ എത്തിച്ച് നൽകുക എന്നതാണ് കലവറയുടെ ലക്ഷ്യം. ഡിവിഷൻ പതിനാലിലെ ഹെൽപ്പ് ഡെസ്ക്കിൻ്റെ നേതൃത്വത്തിലാണ് “കോവിഡ് കലവറ”
പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

കലവറയിലേക്ക് നാട്ടുകാർക്കും സംഭാവനകൾ നൽകാം. സാമ്പത്തികമല്ല മറിച്ച് സഹായം നൽകേണ്ടത് പച്ചക്കറി, പലവ്യഞ്ജനം, ഫലവർഗ്ഗങ്ങൾ എന്നിവയുടെ രൂപത്തിലാകാണമെന്ന് മാത്രം. ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധികൾക്ക് ഒരു അയവ് വരുന്നത് വരെ ‘കലവറ’ അവിടെത്തന്നെ തുടരും. കലവറയിലേക്ക് ആർക്കെങ്കിലും സഹായം നൽകണമെന്നുണ്ടെകിൽ
7593032730 എന്ന നമ്പറിൽ
ബന്ധപ്പെടണമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആർ കെ ബേബി അറിയിച്ചു.