കോവിഡ് കാലത്തെ തൃശൂർ പൂരം നടത്തിപ്പിനെതിരെ വ്യാപക പ്രതിഷേധം: പൂരം നടത്താനാവില്ലെന്ന് പറയാൻ ഭയക്കുന്ന ഭരണകൂടം, നിരോധനാജ്ഞ വന്നാൽ വർഗീയവൽക്കരിക്കാൻ കാത്ത് നിൽക്കുന്ന ആചാര സംരക്ഷകർ, നാട് മുഴുവൻ രോഗികളായാലും ചത്തു പോയാലും പൂരം നടത്തുമെന്ന് വെല്ലുവിളിക്കുന്ന പൂരക്കാർ….കടന്നാക്രമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ ശബ്ദം

181

രാജ്യമാകെ കോവിഡ് രണ്ടാംതരംഗത്തിൻറെ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കെ തൃശൂർ പൂരം നടത്തുമെന്ന വാശിക്കെതിരെ സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധം. കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരത്തിന് നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിച്ച സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്. സർക്കാരിനെയും ദേവസ്വങ്ങളെയും പൂരപ്രേമികളെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമർശിച്ചാണ് സമൂഹമാധ്യമത്തിലെ വിമർശനം. പൂരം നടത്താനാവില്ലെന്ന് പറയാൻ ഭയക്കുന്ന ഭരണകൂടം, എങ്ങാനും നിരോധനാജ്ഞ വന്നാൽ അതിനെ വർഗീയവൽക്കരിക്കാൻ കാത്ത് നിൽക്കുന്ന ആചാര സംരക്ഷകർ, ഒരു നാട് മുഴുവൻ രോഗികളായാലും ചത്തു പോയാലും പൂരം നടത്തുമെന്ന് വെല്ലുവിളിക്കുന്ന പൂരപ്രേമികൾ, സാമാന്യ ബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങൾ വെച്ച് കുടമാറ്റം നടത്താൻ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്കളെ എന്നും, വികാരത്തിന് മേൽ വിേവകം വിജയം നേടട്ടെയെന്നും… ഞാൻ ഒരു തൃശൂർക്കാരൻ ആണ് ഇത്തവണ തൃശൂർ പൂരം ഒഴിവാക്കുന്നു എന്നിങ്ങനെ ക്യാമ്പയിന് പിന്തുണയുമായി കമൻറുകളുണ്ട്. വോട്ടിന് വേണ്ടി രാഷ്ട്രീയക്കാരും സർക്കാരും ഭയന്ന് കാലിൽ വീഴുകയാണെന്ന രൂക്ഷ വിമർശനവും കമൻറുകളിലുണ്ട്. തൃശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ആയിരം കടന്നാണ് പ്രതിദിന കണക്ക് ഉയർന്നിരിക്കുന്നത്. പൂരം നടക്കുന്ന തൃശൂർ കോർപ്പറേഷനിലെ 47ാം ഡിവിഷനിലും വിവിധ പഞ്ചായത്തുകളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. 17 ശതമാനത്തിന് മുകളിലാണ് ഇന്നലെ മാത്രം തൃശൂരിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ജാഗ്രതാ നിർദ്ദേശവും മുന്നറിയിപ്പുകളും നൽകേണ്ടത് ആരോഗ്യവകുപ്പിൻറെ ചുമതലയാണെന്നിരിക്കെ ഡി.എം.ഒയുടെ ജാഗ്രതാ മുന്നറിയിപ്പ് സന്ദേശത്തെ പൂരം അട്ടിമറിക്കാനുള്ള ഉദ്ദേശ്യമാണെന്ന് ആരോപിച്ച് പൂരം സംഘാടകർ രംഗത്ത് വന്നിട്ടും ഉത്തരവാദപ്പെട്ടവർ പ്രതികരണം പോലും നടത്തിയിട്ടില്ല. കോവിഡ് വ്യാപനത്തിനിടയിൽ പൂരം നടത്തിപ്പിൽ ആരോഗ്യവകുപ്പ് ആശങ്കയറിയിച്ചപ്പോൾ പൂരം നടത്തണമെന്നാവശ്യപ്പെട്ട് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ ഉപവാസ സമരം സംഘടിപ്പിക്കുകയായിരുന്നു. പൂരം സർക്കാർ ഒളിച്ചു കളിക്കുന്നുെവന്ന് പറഞ്ഞായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനും ഉപവാസ സമരം സംഘടിപ്പിച്ചു. പൂരം പൊലിമ ചോരാതെ എല്ലാ ചടങ്ങുകളോടെയും നടത്തുമെന്നായിരുന്നു സർക്കാരിലെ മന്ത്രി കൂടിയായ വി.എസ് സുനിൽകുമാറിൻറെ നിലപാട്. പൂരം നടത്താൻ ഇളവുകൾ വേണമെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. മഹാമാരിക്കാലത്തും പ്രളയകാലത്തും യുദ്ധകാലത്തും നാടിനൊപ്പം നിന്ന പൈതൃകവും പാരമ്പര്യവുമാണ് തൃശൂർ പൂരത്തിനുള്ളതെന്നും അതാണ് ചിലർ നശിപ്പിക്കുന്നതെന്നും ആരോപിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.എ.കൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് പൂരം നടത്തിപ്പിലെ എതിർപ്പുള്ളവർ പരസ്യ പ്രതിഷേധ ക്യാമ്പയിനുകളും തുടങ്ങിയത്.