കോവിഡ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രീംകോടതിയുടെ ഇടപെടലിനെ പ്രശംസിച്ച് അഞ്ചാംക്ളാസുകാരിയുടെ കത്ത്: അഭിനന്ദനമറിയിച്ച് ചീഫ് ജസ്റ്റിസിന്റെ മറുപടിയും ഒപ്പുവെച്ച ഭരണഘടനയുടെ പകർപ്പും, ഉത്തരവാദിത്വമുള്ളയാളായി വളരുമെന്ന് ഉറപ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് രമണയുടെ അഭിനന്ദനം; സന്തോഷ നിറവിൽ പുറനാട്ടുകര സ്വദേശി ലിഡ്വിന

14

കോവിഡ് കാലത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ തൃശൂർ സ്വദേശിനിയായ പത്ത് വയസുകാരിക്ക് അഭിനന്ദനവുമായി ചീഫ് ജസ്റ്റിസ് എൻ.വി രമണ. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ലിഡ്വിന ജോസഫാണ് ചീഫ് ജസ്റ്റിസിന്റെ വിലാസത്തിൽ കത്തെഴുതിയത്. ഓക്സിജൻ വിതരണത്തിനും അതുവഴി നിരവധി ജീവനുകൾ രക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് ലിഡ്വിന കത്തിൽ പറഞ്ഞു. ‘ഡൽഹിയിലും ഇന്ത്യയിലാകെയും കോവിഡ് വ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടുവരാൻ ബഹുമാനപ്പെട്ട കോടതി നടപടിയെടുക്കുന്നതായി അറിയാം. ഇതിന് ഞാൻ നന്ദി പറയുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു’വെന്ന് ലിഡ്വിന ജോസഫ് കത്തിൽ പറഞ്ഞു. സ്വന്തം കൈപ്പടയിൽ മനോഹരമായി എഴുതിയ കത്ത് മെയ് അവസാനത്തോടെയാണ് സുപ്രീംകോടതിയിൽ ലഭിച്ചത്. ന്യായാധിപൻ വൈറസിനെ ഇല്ലായ്മ ചെയ്യുന്നതിന്‍റെ പ്രതീകാത്മക ചിത്രവും ലിഡ്വിന കത്തിനൊപ്പം ചേർത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ കത്തിന് മറുപടി നൽകിയത്. ‘കത്തും മനോഹരമായ ചിത്രവും ലഭിച്ചു. രാജ്യത്തെ സംഭവവികാസങ്ങൾ അഞ്ചാംക്ലാസുകാരി കൃത്യമായി മനസിലാക്കുന്നുവെന്നതിൽ ഏറെ ആശ്ചര്യമുണ്ട്. ഉത്തരവാദിത്തവും ജാഗ്രതയുമുള്ള ഒരു പൗരയായി രാഷ്ട്രനിർമാണത്തിൽ പങ്കാളിയാകാൻ കഴിയട്ടെ’യെന്ന് ചീഫ് ജസ്റ്റിസ് മറുപടിയിൽ പറഞ്ഞു. ഭരണഘടനയുടെ ഒപ്പുവെച്ച പതിപ്പ് ലിഡ്വിനക്ക് അദ്ദേഹം സമ്മാനമായി നൽകുകയും ചെയ്തു. ചീഫ് ജസ്റ്റിസിൻറെ കത്ത് ലഭിച്ച സന്തോഷത്തിലാണ് ലിഡ്വിന.

4cf07323 9945 4461 a07e e33a0a20b611
2973f5fd 6da2 425a b08a df8522473528
edb48891 4660 43b5 babe 69f2448c1c9c