കോവിഡ് ലോക്ക് ഡൗൺ കാലത്ത് അരലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഗുരുവായൂർ നഗരസഭ

4

അഗതികൾക്കും കോവിഡ് രോഗികൾക്കും അന്നം നൽകി മാതൃകയാകുകയാണ് ഗുരുവായൂർ നഗരസഭ. നാല്പത് ദിവസം കൊണ്ട് അമ്പതിനായിരത്തിലധികം പേർക്ക് നഗരസഭ ഭക്ഷണം നൽകിക്കഴിഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂർ നഗരസഭ ഭക്ഷണ വിതരണം ആരംഭിച്ചത്. ഏപ്രിൽ 30ന് വാർഡുകളിൽ ആരംഭിച്ച ഭക്ഷണ വിതരണം പിന്നീട് നഗരസഭയുടെ രണ്ട് ഡിസിസികളിലും അഗതി ക്യാമ്പിലും തുടർന്നു. ക്ഷേത്രനഗരിയെന്ന് അറിയപ്പെടുന്ന ഗുരുവായൂരിൽ ഒരു നേരത്തെ അന്നത്തിനായി ആരും വലയരുത് എന്നാണ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറയുന്നത്.

നഗരസഭയിലെ വിവിധ വാർഡുകൾ, ഡിസിസികൾ, അഗതി ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് ഭക്ഷണപ്പൊതികൾ നഗരസഭ ഇതുവരെ വിതരണം ചെയ്തത്. കൂടാതെ നഗരസഭയിലെ കൺട്രോൾ റൂമിലേക്ക് ഭക്ഷണ ആവശ്യവുമായി എത്തുന്ന കോളുകൾക്കും ഊണ് എത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലിൽ തയ്യാറാക്കുന്ന ഭക്ഷണപ്പൊതികൾ ആർ ആർ ടി അംഗങ്ങൾ വഴിയാണ് വാർഡുകളിലെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. വാർഡ് കൗൺസിലർമാർ, നഗരസഭ ഹെൽപ്പ് ലൈൻ എന്നിവ വഴി വാർഡുകളിലേക്ക് ആവശ്യമായ എണ്ണം ലഭ്യമാകും.

b1911e05 b6d6 430a b628 a345a4a54a1d

പ്രഭാത ഭക്ഷണമായി ഇഡ്ഡലി, വെള്ളേപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവയും ഉച്ചക്ക് ഊണ്, വൈകീട്ട് ചപ്പാത്തിയും കറിയും നൽകി വരുന്നു. ഭക്ഷണത്തിൻ്റെ ചെലവുകൾ വഹിക്കുന്നത് നഗരസഭ തന്നെയാണ്. ക്യാമ്പിലെ അന്തേവാസികൾക്ക് വ്യക്തികളും സംഘടനകളും ചില സമയങ്ങളിൽ ഭക്ഷണമെത്തിച്ച് നൽകാറുണ്ട്. കോവിഡ് ഒന്നാം ഘട്ടത്തിലും സാമൂഹിക അടുക്കളയിലൂടെ എഴുപത്തി അയ്യായിരത്തോളം പേർക്ക് ഗുരുവായൂർ നഗരസഭ അന്നം വിളമ്പിയിരുന്നു.