ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി സെപ്റ്റംബര്‍ 30നകം

6

ഗുരുവായൂര്‍ അഴുക്കുച്ചാല്‍ പദ്ധതി സെപ്റ്റംബര്‍ 30നകം കമ്മീഷന്‍ ചെയ്യും. അഴുക്കുച്ചാല്‍ പദ്ധതി കമ്മീഷന്‍ പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബര്‍ എംഎല്‍എ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചെരിവിന്റെയും സ്വാഭാവിക ഒഴുക്കിന്റെയും അടിസ്ഥാനത്തില്‍ മൂന്ന് സോണുകളായി പദ്ധതിയെ വേര്‍തിരിച്ചിരുന്നു. അതില്‍ പൈപ്പുകളിലെ അലൈന്‍മെന്റ് ചോര്‍ച്ച, മാന്‍ഹോളിന്റെ ക്രമരാഹിത്യം എന്നിവ തീര്‍ത്ത് ഒഴുക്ക് പരിശോധിക്കല്‍ നടന്നുവരികയാണ്. ഒരു സോണിന്റെ പരിശോധന പൂര്‍ത്തിയാക്കുകയും മറ്റ് രണ്ട്സോണുകളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 12 ദിവസം കൊണ്ട് ബാക്കി പൂര്‍ത്തിയാക്കും.

സെപ്റ്റംബര്‍ 15നകം പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ബാക്റ്റീരിയ കള്‍ചെറിങ് ആരംഭിക്കുകയും സെപ്റ്റംബര്‍ 22ന് പ്ലാന്റ് പൂര്‍ണ സജ്ജമാക്കാന്‍ സാധിക്കുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ മാസം തന്നെ അഴുക്കുച്ചാല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനും തീരുമാനമായി. എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ എന്‍ സരേന്ദ്രന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ കെ ജി സജിത്, ബി എ ബെന്നി, കെ കെ വാസുദേവന്‍, വി ആര്‍ അനില്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ വി മാലിനി, അഴുക്കുചാല്‍ പദ്ധതിയുടെ കരാറുക്കാരായ വാസ്‌കോ എന്‍വിയോണ്‍മെന്റല്‍ ലിമിറ്റഡ് എംഡികെ വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.