ഗുരുവായൂര്‍ ഉത്സവത്തിന് നാളെ കൊടിയേറും: ഉത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്; തദ്ദേശീയർക്കുള്ള ഭക്ഷ്യകിറ്റുകൾ തയ്യാർ

5
8 / 100

ഗുരുവായൂര്‍ ഉത്സവത്തിന് നാളെ ആരംഭം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഉത്സവത്തിന് നല്‍കിവരുന്ന പ്രസാദ ഊട്ടിന് പകരം തദ്ദേശീയരടക്കമുള്ള ഭക്തര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. വിതരണം ചെയ്യാനുള്ള 10,000 ഭക്ഷ്യകിറ്റുകള്‍ വിതരണകേന്ദ്രമായ കൗസ്തുഭത്തില്‍ തയ്യാറായി.

കോവിഡ് സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ചടങ്ങുകളില്‍ മാറ്റം വരാത്ത രീതിയില്‍ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്സവത്തില്‍ ക്ഷേത്രത്തിനുള്ളിലെ കാഴ്ചശീവേലി മേളം, പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ കുളപ്രദക്ഷിണം മേളം, പഞ്ചവാദ്യം എന്നിവയില്‍ 35 വീതം വാദ്യക്കാര്‍ക്കാണ് അനുമതിയുള്ളത്. രണ്ടാം വിളക്ക് മുതല്‍ എട്ടാം വിളക്ക് കൂടി ഒരു തായമ്പക വീതമാണ് നടത്തുക. ക്ഷേത്രത്തിനുള്ളിലെ മേളം, തായമ്പക എന്നിവ ഒരു മണിക്കൂര്‍ വീതവും കുള പ്രദക്ഷിണം ഒന്നര മണിക്കൂറുമായി നിജപ്പെടുത്തി.

ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മുഖേന 5000 പേര്‍ക്ക് ദര്‍ശനം നടത്താം. പഴുക്കാമണ്ഡപ ദര്‍ശനത്തിന് ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡ് മുഖേനയും കുടുംബാംഗങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും പാസ് മുഖേനയുമാണ് ദര്‍ശനം. വെര്‍ച്വല്‍ ക്യൂ വഴി 150 പേര്‍ക്ക് രാത്രി 8.30 മുതല്‍ 9.30 വരെ പഴുക്കാമണ്ഡപ ദര്‍ശനം അനുവദിക്കും. പ്രാദേശിക വാസികള്‍ക്കും ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള പാസ് അതാത് ദിവസം വൈകുന്നേരം 8 മുതല്‍ 9 വരെ ദേവസ്വം ഓഫീസില്‍ നിന്ന് ലഭിക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.